ന്യൂഡല്‍ഹി: അമേരിക്കയിലേക്ക് കടക്കാനായി ആൾമാറാട്ടം നടത്തിയ യുവാവും ഭാര്യയും ഡൽഹി വിമാനത്താവളത്തിൽ പിടിയില്‍. 67കാരനായി വേഷം മാറിയായിരുന്നു ഇരുവരും വിമാനത്താവളത്തിൽ എത്തിയത്. ഗുരു സേവക് സിങ് എന്ന അഹമ്മദാബാദുകാരനും ഭാര്യ അർച്ചന കൗറും ആണ് പിടിയിലായത്. ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയ ഇരുവരെയും സുരക്ഷാ ജീവനക്കാർ സംശയം തോന്നി പരിശോധിക്കുകയായിരുന്നു.മെച്ചപ്പെട്ട ജീവിതവും ജോലിയും തേടാൻ അമേരിക്കയിലേക്ക് പോകാനായിരുന്നു ഇരുവരുടെയും ശ്രമം. യു.പിയിലെ ബിജ്നോറിൽ നിന്നുള്ള ജഗ്ഗിയെന്ന ഏജൻ്റ് വഴിയാണ് ഇവർ അമേരിക്കയിലേക്ക് പോകാൻ ശ്രമം നടത്തിയത്. ഇരുവർക്കുമായി ആകെ 60 ലക്ഷം രൂപയാണ് ഇയാൾ ആവശ്യപ്പെട്ടത്. അതിൽ 30 ലക്ഷം രൂപ ഇവര്‍ നല്‍കിയിരുന്നു. ബാക്കി 30 ലക്ഷം അമേരിക്കയിലെത്തിയ ശേഷം നൽകാമെന്നായിരുന്നു പറഞ്ഞിരുന്നത്. വയോധികരായ മറ്റ് രണ്ട് പേരുടെ പാസ്പോർട്ട് ഉപയോഗിച്ച് ആൾമാറാട്ടം നടത്തി അമേരിക്കയിലേക്ക് കടക്കാനായിരുന്നു ശ്രമം. ഇതിനായി ഗുരു സേവക് സിങിന് 67 കാരനായ രഷ്‌വീന്ദർ സിങ് സഹോതയുടെയും അർച്ചന കൗറിന് ഹർജീത് കൗർ എന്ന സ്ത്രീയുടെയും പാസ്പോർട്ടാണ് നൽകിയത്.ജഗ്ഗിയുടെ നിർദ്ദേശപ്രകാരം ഇരുവരും ഒരാഴ്ചയായി മഹിപാൽപുറിൽ ഒരു ഹോട്ടലിൽ താമസിക്കുകയായിരുന്നു. ജഗ്ഗിയുടെ നിർദ്ദേശപ്രകാരം ഡെല്‍ഹിയിലെ ഒരു ബ്യൂട്ടിപാര്‍ലറില്‍ എത്തിയാണ് ഗുരു ഇരുവരും വേഷം മാറിയത്. ഇതിനായി 2000 രൂപയും ചെലവായി. ഗുരു സേവകും ഭാര്യയും പിടിയിലായതിന് പിന്നാലെ ഉത്തരാഖണ്ഡിലെ രുദ്രാപുരിലെ ഒളിയിടത്തിൽ നിന്ന് ജഗ്ഗിയും അറസ്റ്റിലായി.
ഇയാൾക്ക് യു.പിയിലെ ബിജ്നോറിൽ ട്രൂ ടോക്ക് ഇമേജിനേഷൻ എന്ന സ്ഥാപനമുണ്ട്. വിദേശത്തേക്കുള്ള യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന ട്രാവൽ ഏജൻസിയാണിത്. വിദേശത്ത് പോകാൻ വഴി തേടിയെത്തുന്ന ആളുകളെ പറ്റിച്ച് പണം തട്ടലാണ് ജഗ്ഗിയുടെ രീതിയെന്ന് പോലീസ് പറയുന്നു.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.