Ticker

6/recent/ticker-posts

ട്രംപിനെ വധിക്കാൻ ഇറാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ; പിന്നാലെ കൊലപാതകശ്രമം; കാരണം കണ്ടെത്താനാകാതെ യുഎസ് സുരക്ഷാ സേന


വാഷിംഗ്ടൺ : മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ ഗൂഢാലോചന നടത്തുന്നുണ്ടെന്ന വിവരം ആഴ്ചകൾക്ക് മുൻപ് ലഭിച്ചിരുന്നുവെന്ന് രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു. ഇത് ട്രംപിന്റെ സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിക്കാൻ കാരണമായി.
2020 ൽ ഡ്രോൺ ആക്രമണത്തിലൂടെ ഇറാന്റെ ഖുദ്സ് സേനയുടെ തലവൻ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ട്രംപിനും അദ്ദേഹത്തിന്റെ മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയ്ക്കുമെതിരെ ടെഹ്‌റാനിൽ നിന്ന് ഭീഷണി തുടരുകയാണ്. ഇതിനെതിരെ ശക്തമായ സുരക്ഷാ നടപടികൾ സ്വീകരിച്ചുവരുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിക്കുന്നുണ്ട്
അതേസമയം ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്ക്‌സ് എന്തിനാണ് മുൻ യുഎസ് പ്രസിഡന്റിനെ വധിക്കാൻ ശ്രമിച്ചത് എന്നതിൽ വ്യക്തത വന്നിട്ടില്ല.
പെൻസിൽവാനിയയിലെ ബെഥേൽ പാർക്ക് സ്വദേശിയാണ് തോമസ് മാത്യു ക്രൂക്ക്‌സ്. 2022 ലാണ് ക്രൂക്ക്‌സ് ഹൈസ്‌ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് വീടിനടുത്ത് ജോലിചെയ്തു വരികയായിരുന്നു. അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു ഇയാൾക്ക്. എല്ലാവരോടും പൊതുവേ സ്‌നേഹവും ബഹുമാനവും മാത്രമാണ് ഉണ്ടായിരുന്നത് എന്ന് സഹപാഠികൾ പറയുന്നു. എന്നാൽ ട്രംപിന് നേരെയുള്ള ആക്രമണത്തിന് പിന്നിലുള്ള കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
ട്രംപിന് നേരെ വെടിവെയ്പ്പ് നടത്തിയതിന് പിന്നാലെ സ്‌നൈപർമാർ ക്രൂക്ക്‌സിനെ വധിച്ചിരുന്നു. തുടർന്ന് ക്രൂക്ക്‌സിന്റെ മൊബൈൽ ഫോണും കംപ്യൂട്ടറും അന്വേഷണ സംഘം പരിശോധിച്ചെങ്കിലും അക്രമത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാൽ ഇറാനിയൻ ഗുഢാലോചനയും ട്രംപിെന വധിക്കാൻ ശ്രമിച്ച 20 കാരനും തമ്മിൽ ബന്ധമില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Post a Comment

0 Comments