Ticker

6/recent/ticker-posts

റഷ്യൻ സൈനിക സംഘത്തിനു നേരെയുണ്ടായ യുക്രൈൻ ഷെല്ലാക്രമണത്തിൽ തൃശ്ശൂർ സ്വദേശി കൊല്ലപ്പെട്ടു.


തൃശൂർ: റഷ്യൻ സൈനിക സംഘത്തിനു നേരെയുണ്ടായ യുക്രൈൻ ഷെല്ലാക്രമണത്തിൽ കല്ലൂർ സ്വദേശി കൊല്ലപ്പെട്ടു. ബന്ധുക്കൾക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എംബസിയിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം തിങ്കളാഴ്ച ലഭിക്കും. കല്ലൂർ നായരങ്ങാടി സ്വദേശി കാങ്കിൽ ചന്ദ്രന്റെ മകൻ സന്ദീപാണ് (36) റഷ്യൻ സൈന്യത്തോടൊപ്പമുണ്ടായിരുന്നത്. സന്ദീപ് ഉൾപ്പെട്ട 12 അംഗ റഷ്യൻ പട്ടാള പട്രോളിങ് സംഘം കൊല്ലപ്പെട്ടതായാണ് വിവരം.
ചാലക്കുടിയിലെ ഏജൻസി വഴി കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് സന്ദീപും മലയാളികളായ മറ്റ് ഏഴു പേരും റഷ്യയിലേക്ക് പോയത്. മോസ്കോയിൽ റസ്റ്ററന്റിലെ ജോലിക്കെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. പിന്നീട് റഷ്യൻ സൈനിക ക്യാംപിലെ കാൻ്റീനിലാണ് ജോലിയെന്നും സുരക്ഷിതനാണെന്നും സന്ദീപ് അറിയിച്ചിരുന്നു. വീട്ടിലേക്കു വിളിച്ചപ്പോൾ പാസ്പോർട്ടും ഫോണും കളഞ്ഞുപോയെന്ന് സന്ദീപ് പറഞ്ഞതായും ബന്ധുക്കൾ പറയുന്നു. എന്നാൽ സന്ദീപ് റഷ്യൻ പൗരത്വം സ്വീകരിച്ചതായും സൈന്യത്തിൽ ചേർന്നതായും വിവരമുണ്ട്. പൗരത്വം ലഭിക്കുന്നതിന് സൈന്യത്തിൽ ചേരുന്ന സമ്പ്രദായം
റഷ്യയിലുണ്ട്.പൗരത്വ പ്രശ്നം മൃതദേഹം നാട്ടിലെത്തിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും എംബസി ഇടപെടുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ.

സന്ദീപിനെക്കുറിച്ച് വിവരങ്ങൾ അറിയണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ കേന്ദ്രമന്ത്രിമാരായ എസ് ജയശങ്കർ, സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.

Post a Comment

0 Comments