തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാർജ് കൂട്ടുന്നതിനുള്ള നടപടികൾ മുന്നോട്ട് പോകുന്നുണ്ടെങ്കിലും ഉടൻ വർധിപ്പിച്ചേക്കില്ല. നിലവിലെ വൈദ്യുതി നിരക്ക് നവംബറിലും തുടരാനാണ് റെഗുലേറ്ററി കമ്മീഷന്‍റെ ഉത്തരവ്. നവംബർ 30 വരെയോ പുതിയ നിരക്ക് പ്രഖ്യാപിച്ച് ഉത്തരവ് വരുന്നതു വരെയോ ആയിരിക്കും നിലവിലെ നിരക്ക് ബാധകമാവുക. കെഎസ്ഇബി സമപ്പിച്ച അപേക്ഷ പരിഗണിച്ച് പുതിയ നിരക്കുകളുടെ പ്രഖ്യാപനം നവംബർ അവസാനത്തോടെ ഉണ്ടാവുമെന്നാണ് സൂചന. നിരക്ക് വർധന സംബന്ധിച്ച അപേക്ഷയിൽ തെളിവെടുപ്പ് അടക്കമുള്ള നടപടിക്രമങ്ങൾ റെഗുലേറ്ററി കമ്മിഷൻ പൂർത്തിയാക്കിയിരുന്നു.
ഇലക്ട്രിസിറ്റി ആക്റ്റിലെ സെക്ഷൻ 64 പ്രകാരം നിരക്ക് പരിഷ്കരിക്കാനുള്ള അപേക്ഷ ലഭിച്ച് 120 ദിവസത്തിനകം തെളിവെടുപ്പുകൾ പൂർത്തിയാക്കി അന്തിമ തീരുമാനമെടുക്കണം എന്നാണ് വ്യവസ്ഥ. ഓഗസ്റ്റ് രണ്ടിനാണ് കെഎസ്ഇബി അപേക്ഷ നൽകിയത്. നഷ്ടക്കണക്കുകൾ നിരത്തി നിരക്ക് ഉയർത്താനുള്ള കെഎസ്ഇബി ആവശ്യത്തിനെതിരെ തെളിവെടുപ്പുകളിൽ കടുത്ത വിർമശനമാണ് ഉപഭോക്താക്കളുടെ പ്രതിനിധികൾ ഉയർത്തിയത്. സ്ഥാപനം കാര്യക്ഷമമായി നടത്താനാകാത്തതിന്‍റെ ബാധ്യത വൈദ്യുതി നിരക്ക് വർധിപ്പിച്ച് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നതിന് എതിരെയായിരുന്നു പ്രതിഷേധം.
അതേസമയം, വേനൽക്കാലത്തെ വലിയ തോതിലെ വൈദ്യുതി ഉപയോഗം, ഇതുമൂലം ഉയർന്ന വില നൽകി സംസ്ഥാനത്തിന് പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന്‍റെ അധിക ബാധ്യത എന്നിങ്ങനെയുള്ള ചെലവുകൾ നികത്താൻ നിരക്ക് വർധന അനിവാര്യമാണെന്നാണ് കെഎസ്ഇബി ആവശ്യപ്പെടുന്നത്. ഉപതെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ ഉടൻ നിരക്ക് വർധിപ്പിക്കേണ്ടന്നാണ് നിലവിലെ തീരുമാനം.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.