Ticker

6/recent/ticker-posts

റേഷൻ വ്യാപാരികളുടെ കടയടപ്പ് സമരം ഇന്ന്



സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ വേതനവും കമ്മിഷനും പുറമേ ഓണക്കാല ഉത്സവബത്തയും നൽകാത്ത സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് 3 സംഘടനകൾ ഉൾപ്പെട്ട റേഷൻ വ്യാപാരി സംസ്ഥാന കോ-ഓർഡിനേഷൻ സമിതി ഇന്നു റേഷൻ കടയടപ്പു സമരം നടത്തും. രണ്ട് മാസമായി റേഷൻകട വ്യാപാരികൾക്ക് ഒരു നയാപൈസ വേതനമായി ലഭിച്ചിട്ടില്ലെന്നും ഭക്ഷ്യവകുപ്പും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെട്ടുവെന്നും ഇതേ തുടർന്നാണ് സൂചന സമരമെന്നുമാണ് കമ്മിറ്റിയുടെ പ്രതികരണം. സമരവുമായി ബന്ധപ്പെട്ട് ഭക്ഷ്യവകുപ്പിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും സംഘടന നോട്ടിസ് നൽകി. 

ജോണി നെല്ലൂർ പ്രസിഡന്റായ ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ (എകെആർഡിഎ), ജി കൃഷ്ണപ്രസാദ് നേതൃത്വം നൽകുന്ന കേരള സ്റ്റേറ്റ് റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ, ജി സ്റ്റീഫൻ എംഎൽഎ നേതൃത്വം നൽകുന്ന കേരള റേഷൻ എംപ്ലോയീസ് യൂണിയൻ (സിഐടിയു) എന്നീ സംഘടനകളാണു കോ-ഓർഡിനേഷൻ സമിതിയിലുള്ളത്. 

ഇന്നു ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തും. സമരത്തിൽ പങ്കെടുക്കില്ലെന്ന് അടൂർ പ്രകാശ് എംപി നേതൃത്വം നൽകുന്ന കേരള സ്റ്റേറ്റ് റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷനും കേരള റേഷൻ എംപ്ലോയീസ് യൂണിയനും (എഐടിയുസി) അറിയിച്ചു. 

സെപ്റ്റംബർ മാസം വ്യാപാരികൾക്കു കമ്മിഷൻ നൽകാനുള്ള 26.07 കോടി രൂപയുടെ ബിൽ ഭക്ഷ്യപൊതുവിതരണ വകുപ്പ് സമർപ്പിച്ചിട്ടുണ്ടെങ്കിലും ധനവകുപ്പ് തുക അനുവദിച്ചിട്ടില്ല.

Post a Comment

0 Comments