കമ്പളക്കാട്: കമ്പളക്കാട് പൊലീസ് സ്റ്റേഷന് പരിധിയിലെ എസ്റ്റേറ്റ് ഗോഡൗണില് അതിക്രമിച്ചു കയറി ജോലിക്കാരന്റെ കഴുത്തില് കത്തി വെച്ച് ഭീഷണിപ്പെടുത്തി കാപ്പിയും കുരുമുളകും കവർന്ന കേസിൽ സഹോദരങ്ങൾ അറസ്റ്റില്‍.
കോഴിക്കോട് പൂനൂര് കുറുപ്പിന്റെക്കണ്ടി പാലംതലക്കല് വീട്ടില് അബ്ദുൾ റിഷാദ്(29), നിസാർ (26) എന്നിവരെയാണ് വയനാട് ജില്ല പൊലിസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം വീട് വളഞ്ഞ് പിടികൂടിയത്.
കവർച്ച നടത്തിയ ശേഷം കുന്ദമംഗലം, പെരിങ്ങളത്ത് വാടക വീട്ടില് ഒളിവില് കഴിഞ്ഞിരുന്ന പ്രതികളെ ചൊവ്വാഴ്ച പുലർച്ചെ പൊലിസ് വീട് വളഞ്ഞ് സാഹസികമായി പിടികൂടുകയായിരുന്നു. സംഭവം നടന്ന് മൂന്നാം ദിവസം തന്നെ പ്രതികളെ വലയിലാക്കാന് പൊലിസിന് സാധിച്ചു. അന്വേഷണത്തിന്റെ ഭാഗമായി 250-ഓളം സിസിടിവി ദൃശ്യങ്ങള് പരിശോധിച്ചും സൈബർ സെല്ലിന്റെ സഹായത്തോടെയും നടത്തിയ ശാസ്ത്രീയാന്വേഷണത്തിനുമൊടുവിലാണ് പ്രതികൾ വാടക വീട്ടില് ഒളിവിൽ കഴിയുന്നതടക്കം കണ്ടെത്തിയത്. പിടിയിലായവരിൽ നിസാർ നിരവധി കേസുകളില് പ്രതിയാണെന്ന് പൊലിസ് പറഞ്ഞു.
ഈ മാസം പതിനഞ്ചിനാണ് പരാതിക്ക് ആധാരമായ സംഭവം നടന്നത്. രാത്രിയോടെ കമ്പളക്കാട് ചുണ്ടക്കര പൂളക്കൊല്ലി എന്ന സ്ഥലത്തുള്ള എസ്റ്റേറ്റ് ഗോഡൗണില് എത്തിയ പ്രതികൾ കവർച്ച നടത്തുകയായിരുന്നു. ഗോഡൗണില് അതിക്രമിച്ചു കയറി ഇരുവരും ജോലിക്കാരനെ കഴുത്തില് കത്തി വച്ച് ഭീഷണിപ്പെടുത്തി കൈകള് കെട്ടിയിട്ടായിരുന്നു കവർച്ച. 70 കിലോ തൂക്കം വരുന്ന, വിപണിയില് 43,000 രൂപയോളം വില മതിക്കുന്ന കുരുമുളകും, 12,000 രൂപയോളം വില വരുന്ന കാപ്പിയുമാണ് പ്രതികൾ കവർന്നത്.
പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില് ജില്ല പൊലിസ് മേധാവി തപോഷ് ബസുമാതാരിയുടെ നിർദേശപ്രകാരം കല്പറ്റ ഡിവൈ.എസ്.പി ബിജുരാജിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്ക്കരിച്ചിരുന്നു. കമ്പളക്കാട് ഇന്സ്പെക്ടർ എസ്.എച്ച്.ഒ എം.എ. സന്തോഷ്, സീനിയർ സിവി പോലീസ് ഓഫീസര്മാരായ സി.കെ. നൗഫൽ, കെ.കെ. വിപിൻ, കെ. മുസ്തഫ, എം. ഷമീർ, എം.എസ്. റിയാസ്, ടി.ആർ രജീഷ്, സിവിൽ പോലിസ് ഓഫീസര്മാരായ വി.പി. ജിഷ്ണു, മുഹമ്മദ് സക്കറിയ, പി. ബി അജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.