Ticker

6/recent/ticker-posts

ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രതിഷേധം


കൊടിയത്തൂർ : ജൽ ജീവൻ മിഷൻ പദ്ധതിക്കായി കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിൽ വെട്ടിപ്പൊളിച്ച റോഡുകൾ മാസങ്ങൾകഴിഞ്ഞിട്ടും പൂർവസ്ഥിതിയിലാക്കാൻ നടപടിസ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഗ്രാമപ്പഞ്ചായത്ത് ജനപ്രതിനിധികൾ കൂളിമാട് വാട്ടർ അതോറിറ്റി ഓഫീസിനു മുന്നിൽ സമരം നടത്തി.

നാട്ടുകാരുടെ യാത്രാദുരിതവും ഗ്രാമപ്പഞ്ചായത്ത്‌ തുക വകയിരുത്തിയ റോഡുകളുടെ നവീകരണപ്രവൃത്തിപോലും നടത്താൻകഴിയാത്ത സാഹചര്യവുമാണ് സമരത്തിലേക്കുനയിച്ചത്.

വാട്ടർ അതോറിറ്റി ജൽ ജീവൻ മിഷൻ ഒത്തുകളി അവസാനിപ്പിക്കുക, തകർന്നറോഡുകൾ പൂർവസ്ഥിതിയിലാക്കുക, ജൽ ജീവൻ പദ്ധതി സുതാര്യമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു സമരം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പണംനൽകാതായതോടെ കരാറുകാർ പ്രവൃത്തി പാതിവഴിയിൽ നിർത്തിയതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇത് ഗ്രാമപ്പഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങളെയും കാര്യമായി ബാധിച്ചിട്ടുണ്ട്. റോഡുകൾ പൂർവസ്ഥിതിയിലാക്കാതായതോടെ ഗ്രാമപ്പഞ്ചായത്ത് ഫണ്ട് നീക്കിവെച്ച റോഡുകളുടെ പ്രവൃത്തികൂടി മുടങ്ങിക്കിടക്കുന്ന അവസ്ഥയാണ്.

ഇത്തരം പ്രശ്നങ്ങൾക്കെല്ലാം അടിയന്തരപരിഹാരം കാണണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂരിന്റെ നേതൃത്വത്തിൽനടന്ന സമരത്തിന് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, മുൻ പ്രസിഡൻറ്‌ വി. ഷംലൂലത്ത്, എം.ടി. റിയാസ്, ഫാത്തിമ നാസർ തുടങ്ങിയവർ നേതൃത്വംനൽകി. തുടർന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ അസിസ്റ്റൻറ് എൻജിനിയറുമായി സംസാരിക്കുകയും നിവേദനം നൽകുകയും ചെയ്തു. ഡിസംബർ രണ്ടിനകം കോൺക്രീറ്റ് റോഡുകളുടെ പ്രവൃത്തി പൂർത്തിയാക്കുമെന്നും ടാറിട്ട റോഡുകളുടെ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും അസിസ്റ്റൻറ് എൻജിനിയർ സി. അക്ഷയ് ഉറപ്പ്‌ എഴുതി നൽകിയതോടെ സമരം അവസാനിപ്പിച്ചത്.

Post a Comment

0 Comments