അപ്പാർട്ട്മെന്റില്‍ ഒറ്റയ്ക്കു താമസിച്ച ജെയ്‌സിയുടെ സ്വര്‍ണവും പണവും കവരുന്നതിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി ഗിരീഷ് ബാബു പോലീസിന് നല്‍കിയ മൊഴി. സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനായിരുന്നു കവര്‍ച്ചയ്ക്ക് പ്രതികള്‍ ശ്രമിച്ചത്. ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുന്നത്. കൊലപാതകത്തിൽ അറസ്റ്റിലായത് സുഹൃത്തും ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനുമായ തൃക്കാക്കര സ്വദേശി ഗിരീഷ് കുമാറും അടുത്ത സുഹൃത്ത് പ്രബിതയും. ഇരുവരുടെയും പൊതു സുഹൃത്തായിരുന്ന കൊല്ലപ്പെട്ട ജെയ്സി ഏബ്രഹാം.
കൃത്യമായ ആസൂത്രണം ചെയ്താണ് പ്രതികള്‍ കൊലപാതകം നടപ്പിലാക്കിയത്. നവംബര്‍ 17-നാണ് ജെയ്സിയെ കൊച്ചി കളമശേരി കൂനംതൈയിലെ അപ്പാര്‍ട്മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുന്നത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള സൂചനകള്‍ പോലീസിന് ലഭിക്കുന്നത്. ജെയ്സിയും ഗിരീഷ് കുമാറും സുഹൃത്തുക്കളായിരുന്നു. ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനാണ് ഇയാള്‍.
നവംബർ 17 ഞായറാഴ്ച ജെയ്സിയുടെ ഫ്ലാറ്റിൽ മറ്റാരും ഉണ്ടാകില്ല എന്നുറപ്പിച്ച ശേഷമാണ് സഹോദരന്റെ ബൈക്കിൽ രാവിലെയോടെ കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിന് സമീപമുള്ള വീട്ടിൽ നിന്നും ഗിരീഷ് ബാബു പല വഴികളിലൂടെയും ചുറ്റിക്കറങ്ങി ഉണിച്ചിറ പൈപ്പ്‍ലെയിന്‍ റോഡിൽ എത്തി. അവിടെ നിന്നു രണ്ട് ഓട്ടോറിക്ഷകൾ മാറിക്കയറി ജെയ്സിയുടെ ഫ്ലാറ്റിൽ എത്തുകയായിരുന്നു. സിസിടിവിയിൽ മുഖം പതിയാതിരിക്കാന്‍ ഹെൽമറ്റ് ധരിച്ചായിരുന്നു ഗിരീഷ് കുമാർ മുഴുവൻ സമയവും സഞ്ചരിച്ചിരുന്നത്. രാവിലെ പത്തരയോടെ അപ്പാർട്ട്മെന്റിലെത്തിയ പ്രതി കൈയിൽ കരുതിയിരുന്ന മദ്യം ജെയ്സിയുമൊത്ത് കഴിച്ചു. മദ്യലഹരിയിലായ ജെയ്സിയെ പ്രതി ബാഗിൽ കരുതിയിരുന്ന ഡംബൽ എടുത്ത് തലയ്ക്ക് പലവട്ടം അടിച്ചു. ജെയ്സി നിലവിളിച്ചപ്പോൾ മുഖം തലയിണ വച്ച് അമർത്തിപ്പിടിക്കുകയും ചെയ്തു. തുടർന്ന് കുളിമുറിയിൽ തെന്നി വീണതാണ് എന്നു വരുത്താനായി പ്രതി ജെയ്സിയെ വലിച്ച് ശുചിമുറിയിലെത്തിച്ചു.
ശരീരത്തിലെ രക്തം കഴുകിക്കളഞ്ഞ ഗിരീഷ് കുമാർ ധരിച്ചിരുന്ന ഷർട്ട് മാറി ബാഗില്‍ കരുതിയിരുന്ന മറ്റൊരു ഷർട്ട് ധരിച്ചു. ജെയ്സിയുടെ കൈകളിൽ ധരിച്ചിരുന്ന രണ്ടു സ്വർണ വളകളും രണ്ടു മൊബൈല്‍ ഫോണുകളും കവര്‍ച്ച ചെയ്ത് ഫ്ലാറ്റിന്റെ വാതിൽ പൂട്ടി പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. റിയല്‍ എസ്റ്റേറ്റ് ഇടപാട് ഉള്ളതിനാൽ ജെയ്സിയുടെ അപ്പാർട്ട്മെന്റിൽ ധാരാളം ആളുകൾ വന്നു പോകുന്നതിനാൽ സംശയം തങ്ങളിലേക്ക് വരില്ലെന്നായിരുന്നു പ്രതികളുടെ ധാരണ. കൊലപാതകത്തെ തുടർന്നുള്ള ദിവസങ്ങളിൽ അപ്പാർട്ട്മെന്റിന്റെ പരിസരത്തെത്തി പൊലീസിന്റെ നീക്കങ്ങൾ പ്രതി നിരീക്ഷിച്ചു. അപ്പാര്‍ട്ട്മെന്റിന്റെ അകത്തേക്ക് പോകുന്ന ഒരാൾ മറ്റൊരു ഷർട്ട് ധരിച്ച് പുറത്തേക്ക് പോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ആദ്യ ദിവസങ്ങളിൽ തന്നെ ലഭിച്ചിരുന്നു. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ആളെ മനസ്സിലായിരുന്നില്ല. എന്നാൽ തുടരന്വേഷണത്തിൽ ഗിരീഷ് കുമാറും പ്രബിതയും കുടുങ്ങി.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.