കോഴിക്കോട് : ലഹരിവസ്തുക്കളുമായി പിടിയിലാകുന്ന പ്രതികളുടെ ആസ്തികളും അനുബന്ധ സ്വത്തുക്കളും കണ്ടുകെട്ടുന്ന നടപടി ജില്ലയിൽ തുടങ്ങി. ലഹരിമരുന്നു കേസിൽ പിടിയിലായ പെരുവണ്ണാമൂഴി സ്വദേശി കിഴക്കയിൽ വീട്ടിൽ ആൽബിൻ സെബാസ്റ്റ്യന്റെ (23) സ്വത്തുക്കൾ കണ്ടുകെട്ടിയാണു ജില്ലയിലെ നടപടിക്കു പൊലീസ് തുടക്കം കുറിച്ചത്. പ്രതിയുടെ ഉടമസ്ഥതയിലുള്ള വാഹനവും പ്രതിയുടെ മറ്റു സ്വത്തുക്കളും പൊലീസ് കണ്ടുകെട്ടി.
ലഹരിമരുന്ന് വിൽപനയിൽ നിന്നുള്ള വരുമാനത്തിൽ നിന്നു സമ്പാദിച്ചതാണെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തലിനെ തുടർന്നാണു നടപടി.
വെള്ളയിൽ പൊലീസ് ഇൻസ്പെക്ടർ ബൈജു കെ.ജോസിന്റെ റിപ്പോർട്ടിനെ തുടർന്ന് ചെന്നൈ ആസ്ഥാനമായ ഗ്ലേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റിക്ക് (സഫേമ) ബന്ധപ്പെട്ട രേഖകൾ പൊലീസ് നൽകിയിരുന്നു. തുടർന്നു സഫോമയുടെ നിർദേശത്തെ തുടർന്നാണു നടപടി. കഴിഞ്ഞ മേയ് ആദ്യവാരം വെള്ളയിൽ സ്റ്റേഷൻ പരിധിയിലെ എടക്കലിൽ 780.160 ഗ്രാം എംഡിഎംയും 6.150 ഗ്രാം എക്സ്റ്റസി ഗുളികകളും 80 എൽഎസ്‌ഡി സ്റ്റാംപുകളുമായി ആൽബിൻ പിടിയിലായിരുന്നു.
മറ്റു വരുമാന മാർഗങ്ങൾ ഒന്നുമില്ലാത്ത ഇയാൾ സ്വത്തുക്കളും പണവും വാഹനവും സമ്പാദിച്ചതു ലഹരി മരുന്നു വിൽപനയിലൂടെ ആണെന്നാണ് പൊലീസ് കണ്ടെത്തൽ. പ്രതിക്കെതിരെ പെരുവണ്ണാമൂഴി പൊലീസ് റജിസ്റ്റർ ചെയ്ത മറ്റൊരു ലഹരി മരുന്ന് കേസിൽ നേരത്തെ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. കൂട്ടുപ്രതി ഷൈൻ ഷാജിക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് ഒരു വർഷത്തെ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. നിലവിൽ രണ്ടു പേരും റിമാൻഡിലാണെന്നു പൊലീസ് പറഞ്ഞു. നിലവിൽ ലഹരി വസ്തുക്കളുമായി പിടികൂടുന്നവരെ ജയിലിൽ അടയ്ക്കുകയും സ്ഥിരം കുറ്റവാളികളായി കാപ്പ ചുമത്തി നാടു കടത്തുകയും ചെയ്യുന്നുണ്ട്.
ഇതിനു പുറമെയാണു സഫോമ അനുസരിച്ചു സ്വത്തുവകകൾ കണ്ടു കെട്ടാനുള്ള നടപടികൾ പൊലീസ് സ്വീകരിക്കുന്നത്.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.