Ticker

6/recent/ticker-posts

കൂടരഞ്ഞി തേനരുവിയിൽ വീണ്ടും കാട്ടാനശല്യം


തിരുവമ്പാടി : കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ കക്കാടംപൊയിൽ തേനരുവിയിൽ വീണ്ടും കാട്ടാനശല്യം രൂക്ഷമായി. വെട്ടുവേലി നിബിന്റെ 750-ഓളം വാഴകൾ, കമുക്, കൊക്കോ തുടങ്ങിയ കൃഷികൾ വ്യാപകമായി നശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് കാട്ടാനയെത്തിയത്. കൃഷിഭൂമിയോടുചേർന്ന് സ്ഥാപിച്ച കമ്പിവേലികൾ പൊളിച്ചുമാറ്റിയാണ് ഒറ്റയാനെത്തിയത്. കൃഷിഭൂമിയാകെ ചവിട്ടിമെതിച്ചിട്ട നിലയിലാണ്.

കഴിഞ്ഞയാഴ്ച പല തവണയായി ആനയെത്തിയെങ്കിലും വിളകൾ വ്യാപകമായി നശിപ്പിച്ചിരുന്നില്ല. ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടായതെന്ന് നിബിൻ പറഞ്ഞു. മലപ്പുറം ജില്ലയിലെ കൊടുമ്പുഴ വനമേഖലയിൽനിന്ന്‌ ഇടയ്ക്കിടെ ഒറ്റയ്ക്കും കൂട്ടമായും എത്തുന്ന കാട്ടാനകൾ രണ്ട് ദിവസം തമ്പടിച്ചാണ് ഈ പ്രദേശങ്ങിൽനിന്ന്‌ മടങ്ങാറ്. വാഴ, മാങ്കോസ്റ്റിൻ, ജാതി, കൊക്കോ, തെങ്ങ് തുടങ്ങിയ വിളകളാൽ സമൃദ്ധമാണ് തേനരുവി പ്രദേശം. സകലവിളകളും രുചിച്ചു കൃഷിഭൂമിയാകെ ചവിട്ടിമെതിച്ചാണ് കാട്ടാനകൾ തിരിച്ചുപോകുന്നത്.


ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്ക് വരുത്തിവെക്കുന്നത്. അധികൃതരുടെ അനാസ്ഥയെത്തുടർന്ന് ഏറ്റുമാനൂരുകാരൻ അബ്രഹാം ജോസഫ് എന്ന കർഷകൻ വൻതുക ചെലവഴിച്ച് സ്വന്തമായി സൗരോർജ വേലി സ്ഥാപിച്ചിരിക്കുകയാണ്. ശാശ്വതപരിഹാരമായി മലപ്പുറം ജില്ലാ അതിർത്തിയിൽ സൗരോർജ വേലികൾ സ്ഥാപിക്കാൻ അടിയന്തര നടപടി വേണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. വനംവകുപ്പ് താമരശ്ശേരി റെയ്ഞ്ചിന്റെ കീഴിലുള്ള പീടികപ്പാറ സെക്ഷന്റെ അധീനതയിലുള്ള പ്രദേശമാണിത്.

Post a Comment

0 Comments