Ticker

6/recent/ticker-posts

തിരുവമ്പാടിയിൽ മൂന്ന് മുന്നണികൾക്കും വോട്ട് ചോർച്ച


എൽ.ഡി.എഫിന് കുറഞ്ഞത് 7042 വോട്ടുകൾ

മുക്കം : വയനാട് ലോക്‌സഭാ മണ്ഡലത്തിലുൾപ്പെടുന്ന തിരുവമ്പാടി നിയോജകമണ്ഡലത്തിൽ മുന്നണികളുടെ വോട്ടുവിഹിതത്തിൽ വിള്ളൽവീഴ്ത്തി പോളിങ് നിരക്കിലെ ഇടിവ്. പോളിങ് നിരക്കിലെ കുറവ് അനുകൂലമാകുമെന്നുപ്രതീക്ഷിച്ച, ഇടതുമുന്നണിയുടെ വോട്ടുവിഹിതത്തിലാണ് കൂടുതൽ വിള്ളലേറ്റത്. 2024 ഏപ്രിലിലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ 7042 വോട്ടുകളാണ് ഇടതുമുന്നണിക്ക് കുറഞ്ഞത്. യു.ഡി.എഫിന് 3300 വോട്ടുകൾ കുറഞ്ഞപ്പോൾ എൻ.ഡി.എ.ക്ക് 1382 വോട്ടുകളും കുറഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പോളിങ് നിരക്കിനെയപേക്ഷിച്ച് 6.98 ശതമാനം പോളിങ്ങിന്റെ കുറവാണ് ഉപതിരഞ്ഞെടുപ്പിൽ തിരുവമ്പാടി മണ്ഡലത്തിലുണ്ടായത്. പ്രചാരണത്തിലുണ്ടായ ആവേശവും പങ്കാളിത്തവും വോട്ടെടുപ്പിൽ പ്രതിഫലിക്കാതിരുന്നതോടെ മികച്ച മുന്നേറ്റമാണ് മണ്ഡലത്തിൽ എൽ.ഡി.എഫ്. പ്രതീക്ഷിച്ചിരുന്നത്. 2014-ൽ എം.ഐ. ഷാനവാസിന്റെ ഭൂരിപക്ഷം കുത്തനെ കുറച്ച സത്യൻ മൊകേരിയുടെ സ്ഥാനാർഥിത്വവും എൽ.ഡി.എഫിന് പ്രതീക്ഷനൽകിയിരുന്നു.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവമ്പാടി മണ്ഡലത്തിൽ 4643 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽ.ഡി.എഫ്. സ്ഥാനാർഥി ലിന്റോ ജോസഫ് വിജയിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യംചെയ്യുമ്പോൾ എൽ.ഡി.എഫിന് 35,025 വോട്ടുകൾ കുറഞ്ഞു. അടുത്തവർഷം തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, തിരഞ്ഞെടുപ്പിൽ തുടർച്ചയായുണ്ടാകുന്ന വോട്ടുചോർച്ച ഇടതുമുന്നണിയിൽ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കും.

അതേസമയം, പോളിങ് നിരക്കിൽ വലിയ കുറവുണ്ടായെങ്കിലും വോട്ടുവിഹിതം വലിയരീതിയിൽ കുറയാതെ കാക്കാൻ എൻ.ഡി.എ.ക്കായി.

Post a Comment

0 Comments