കന്നിയങ്കത്തിനായി വയനാടുചുരം കയറിയ പ്രിയങ്കയെ ആ നാട് ഇരുകൈകളും ചേർത്തുപിടിച്ചു. ആ സ്നേഹസ്പർശം പ്രിയങ്കയ്ക്ക് നൽകിയത് 404619 എന്ന സ്വപ്നഭൂരിപക്ഷം. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സഹോദരൻ രാഹുൽ ഗാന്ധി നേടിയ ഭൂരിപക്ഷത്തെ മറികടക്കുന്നതായി പ്രിയങ്കയുടെ അരങ്ങേറ്റം. വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷങ്ങളിൽ രണ്ടാമത്തേത്.
2009-ൽ രൂപീകൃതമായ മണ്ഡലം. വലിയ തിരഞ്ഞെടുപ്പ് ചരിത്രമൊന്നും അവകാശപ്പെടാനില്ലാത്ത വയനാടിന്റെ ചരിത്രം മാറിയത് 2019-ൽ രാഹുൽ ഗാന്ധിയുടെ വരവോടയാണ്. 2024-ൽ രാഹുൽ ഗാന്ധിയുടെ പിൻവാങ്ങലോടെ മണ്ഡലത്തിന്റെ ചരിത്രത്തിലെ ആദ്യ ഉപതിരഞ്ഞെടുപ്പിനും കളമൊരുങ്ങി. രാഹുൽ ഗാന്ധി സ്ഥാനമൊഴിയുമ്പോൾ പകരം ആര് എന്ന ചോദ്യത്തിന് വയനാടിന് പറയാൻ ഒരുത്തരമേ ഉണ്ടായിരുന്നുള്ളൂ പ്രിയങ്കാ ഗാന്ധി. അവസരങ്ങൾ നിരവധി ഉണ്ടായിട്ടും പാർലമെന്ററി രാഷ്ട്രീയത്തോട് മുഖം തിരിച്ച പ്രിയങ്ക വയനാട്ടിൽ വന്നു മത്സരിക്കുമോ എന്നത് അപ്പോഴും ചോദ്യമായി. ചൂടുപിടിച്ച രാഷ്ട്രീയ ചർച്ചയായി. ഒടുവിൽ രാഹുൽ ഗാന്ധി തന്നെ പ്രഖ്യാപിച്ചു, വയനാട് ഞാൻ എൻ്റെ സഹോദരിയെ ഏൽപ്പിക്കുന്നു.
ഉത്തരേന്ത്യയിൽ നിന്നുള്ള ഒളിച്ചോട്ടമായി പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തെ എതിരാളികൾ വിമർശിച്ചപ്പോൾ ഇന്ത്യയിൽ എവിടെയും മത്സരിക്കാൻ കഴിവും പ്രാപ്‌തിയുള്ള പ്രിയങ്ക വയനാടിനെ കന്നിയങ്കത്തിന് തിരഞ്ഞെടുത്തത് തങ്ങളുടെ സൗഭാഗ്യമായി കേരളത്തിലെ കോൺഗ്രസ് നേതാക്കൾ വിലയിരുത്തി. 5 ലക്ഷം വോട്ടിന് പ്രിയങ്കാ ഗാന്ധിയെ ജയിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ദേശീയ നേതാക്കൾ ഉൾപ്പടെ ക്യാമ്പ് ചെയ്ത് സ്ഥാനാർഥി മണ്ഡലത്തിൽ താമസിച്ച് നേരിട്ട് വോട്ടർമാരെ കണ്ട് പ്രചരണം നടത്തി. പക്ഷെ, തിരഞ്ഞെടുപ്പ് ദിവസം കോൺഗ്രസിനും ആശങ്കകളുടേതായിരുന്നു. ആളൊഴിഞ്ഞ ബൂത്തുകൾ ആശങ്കയായി. നിഷ്‌പക്ഷ വോട്ടർമാർ എത്താത്തത് വെല്ലുവിളിയും. ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളിൽ ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പായിട്ട് പോലും പ്രിയങ്കാ ഗാന്ധിയും കോൺഗ്രസും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.
വയനാടിന്റെ പ്രിയങ്കരി
4 ലക്ഷത്തിലധികം വോട്ടിൻ്റെ ഭൂരിപക്ഷത്തോടെയുള്ള ആധികാരിക വിജയം. ആറ് ലക്ഷത്തോളം വോട്ട് നേടി പ്രിയങ്ക കൈവരിച്ച ആധികാരിക വിജയത്തിലേക്ക് വഴിതെളിച്ച ഘടകങ്ങൾ പലതാണ്. രാഷ്ട്രീയ വിഷയങ്ങളേക്കാൾ പ്രിയങ്ക ഗാന്ധിയുടെ കരിസ്മ തന്നെയാണ് വോട്ടൊഴുക്കിൽ നിർണായകമായതെന്ന് നിസ്‌തർക്കമാണ്. ഇന്ദിരയുടെ പൗത്രി, രാജീവിൻ്റെ പുത്രി, ആരെയും ആകർഷിക്കുന്ന വ്യക്തിത്വം, പ്രചാരണത്തിനെത്തിയ പ്രിയങ്കയെ ആരാധനയോടെ വരവേൽക്കുകയായിരുന്നു വയനാട്ടുകാർ. ടെലിവിഷൻ സ്ക്രീനിലും പത്രത്താളുകളിലും സമൂഹമാധ്യമങ്ങളിലും മാത്രം കണ്ടിരുന്ന പ്രിയങ്കാ ഗാന്ധിയെ നേരിട്ട് കാണാനുള്ള ജനങ്ങളുടെ ആവേശത്തിന്റെ പ്രതിഫലനമായിരുന്നു നാമനിർദ്ദേശ പത്രികാ സമർപ്പണത്തിലെ ആദ്യ റോഡ് ഷോ മുതൽ പിന്നീട് അങ്ങോട്ട് പ്രിയങ്കാ ഗാന്ധി പങ്കെടുത്ത പരിപാടികളെല്ലാം.
ദൂരെനിന്നെങ്കിലും പ്രിയങ്കയെ ഒന്നു കാണാൻ, പറ്റിയാൽ ഒന്നു കൈകൊടുക്കാൻ ആളുകൾ തടിച്ചുകൂടി. കൈ കൂപ്പിയുള്ള ചിരിയിലൂടെ സൗമ്യമായ സംസാരത്തിലൂടെ വയനാടിനെ അവർ കയ്യിലെടുത്തു. ഭാഷാ പരിമിതിയും മറികടന്ന് വയനാടിന്റെ പ്രശ്‌നങ്ങൾ വോട്ടർമാരെ കണ്ട് ചോദിച്ചറിഞ്ഞു. ജനപ്രതിനിധിയാവാൻ അവസരം തന്നാൽ ഏത് പ്രശ്‌നങ്ങളും നമ്മൾ ഒരുമിച്ച് നിന്ന് നേരിടുമെന്ന് ഉറപ്പ് നൽകി. വെറുമൊരു വാഗ്ദാനമല്ലെന്ന് ബോധ്യപ്പെടുത്താൻ വയനാട്ടിൽതന്നെ ക്യാമ്പ് ചെയ്‌ത് പ്രചരണവും നടത്തി.
ആർക്കുവോട്ട് ചെയ്യുമെന്ന് ചോദിച്ചാൽ പ്രിയങ്കയ്ക്കെന്ന് വയനാട്ടിലെ ഭൂരിഭാഗം വോട്ടർമാരും ഉറപ്പിച്ചു പറഞ്ഞു. എന്തുകൊണ്ട് പ്രിയങ്ക എന്ന ചോദ്യത്തെ രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്‌ത രണ്ട് മഹാത്മക്കളുടെ പിൻമുറക്കാരി എന്നതിനേക്കാൾ മറ്റെന്ത് എന്ന മറുചോദ്യംകൊണ്ട് അവർ നേരിട്ടു. രാഹുൽ ഗാന്ധി റായ് ബറേലിയിൽ മത്സരിക്കുന്ന കാര്യം മറച്ചുവെച്ച് വയനാടിനെ കബളിപ്പിച്ചെന്നും അഞ്ചുകൊല്ലം എം പി ആയിരുന്നിട്ടും വയനാട്ടിൽ അതിഥിയായി മാത്രം രാഹുൽ ഗാന്ധി വന്നുപോയെന്നും പ്രിയങ്കയും വയനാടിനൊപ്പം നിൽക്കില്ലെന്നും എതിരാളികൾ പ്രചരിപ്പിച്ചിട്ടും വോട്ടർമാരുടെ മനസ്സ് മാറിയില്ല.
എന്റെ സഹോദരിയെക്കാൾ മികച്ച ഒരു ജനപ്രതിനിധിയെ വയനാടിന് സമ്മാനിക്കാനില്ലെന്നും പ്രിയങ്ക ജയിച്ചാൽ വയനാടിന് രണ്ട് എംപിമാരുണ്ടാകുമെന്നുള്ള രാഹുൽഗാന്ധിയുടെ പ്രഖ്യാപനം കൂടിയായതോടെ വയനാട്ടിൽ പ്രിയങ്കാ ഗാന്ധിയ്ക്ക് കടമ്പകളില്ലാതായി. വയനാട്ടിലെ ജന മനസ്സുകളിൽ ഏറെ സ്വാധീനമുള്ള സത്യൻ മൊകേരിയുടെ സ്ഥാനാർത്ഥിത്വം പോലും അവസാന ഘട്ടങ്ങളിൽ പ്രിയങ്കയുടെ പ്രഭാവത്തിനുമുമ്പിൽ നിഷ്പ്രഭമായി. പരസ്യപ്രചാരണത്തിൻ്റെ അവസാനം മലയാളത്തിൽ സംസാരം തുടങ്ങിയ പ്രിയങ്ക മലയാളം പഠിക്കുമെന്ന് കൂടി പ്രഖ്യാപിച്ചു. വാക്കുകൾ കൊണ്ടും പെരുമാറ്റം കൊണ്ടും പ്രചാരണത്തിൻ്റെ ആദ്യാവസാനം വയനാട്ടിലെ സാധാരണക്കാരെ കയ്യിലെടുക്കാൻ പ്രിയങ്കാ ഗാന്ധിയ്ക്ക് സാധിച്ചു എന്നത് ഇപ്പോഴത്തെ വൻ ഭൂരിപക്ഷത്തിലേയ്‌ക്കെത്തുന്നതിൽ നിർണായകമായി.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.