Ticker

6/recent/ticker-posts

CCTV ചതിച്ചു; കോഴിക്കോട്ടെ ജൂവലറിയിൽ മോഷണം; പ്രതി പിടിയിൽ



കോഴിക്കോട്: മലബാർ ഗോൾഡ് ഷോറൂമിൽനിന്ന് സ്വർണമാല മോഷ്‌ടിച്ച പ്രതി പിടിയിൽ. പെരിന്തൽമണ്ണ സ്വദേശി ജാബിറാണ് പിടിയിലായത്. ജൂവലറിയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറത്തുനിന്ന് പ്രതിയെ കണ്ടെത്തിയത്.

മാല വാങ്ങാനെന്ന വ്യാജേന കഴിഞ്ഞ തിങ്കളാഴ്‌ച രാവിലെ 10.30-ഓടെയാണ് ജാബിർ ജൂവലറിയിൽ എത്തിയത്. സെയിൽസ്‌മാൻ പലതരത്തിലുള്ള മാലകൾ കാണിച്ചുകൊടുക്കുന്നതിനിടെ ഒരുമാല ഇയാൾ എടുക്കുകയായിരുന്നു. സെയിൽസ്‌മാന്റെ ശ്രദ്ധമാറിയതിനിടെ മാല തന്ത്രപൂർവം കൈക്കലാക്കി ചുറ്റിലും നോക്കിയശേഷം പതിയെ പോക്കറ്റിലാക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. പിന്നീട് മൂന്ന് മാല ഇഷ്ട്‌ടപ്പെട്ടെന്നും അത് മാറ്റിവെക്കണമെന്നും ജാബിർ സെയിൽസ്‌മാനോട് പറഞ്ഞു. മാല തിരഞ്ഞെടുക്കാൻ വീട്ടിൽനിന്നും ആളെക്കൂട്ടി വരാമെന്ന് പറഞ്ഞ് ഉടൻ തന്നെ ജൂവലറിയിൽനിന്ന് സ്ഥലംവിടുകയും ചെയ്‌തു. പിന്നീട് ഇയാൾ തിരിച്ചുവന്നില്ല.

വൈകീട്ട് സ്റ്റോക്കുമായി ബന്ധപ്പെട്ട പരിശോധനക്കിടെയാണ് ആഭരണം മോഷണംപോയ വിവരം ജീവനക്കാർ തിരിച്ചറിഞ്ഞത് തുടർന്ന് നടക്കാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് നടക്കാവ് പോലീസ് അറിയിച്ചു.

Post a Comment

0 Comments