കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്‌ജ് മുറിയിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അബ്‌ദുൽ സനൂഫ് രക്ഷപ്പെട്ടത് സുഹൃത്തിന്റെ കാറിൽ. സുഹൃത്തിനെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. പ്രതിക്കായി കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. യുവതിയുമായി സനൂഫ് ലോഡ്‌ജിലെത്തിയത് സുഹൃത്തിന്റെ കാറിലാണെന്നും പ്രതിക്ക് പാസ്പോർട്ട് ഇല്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
എരഞ്ഞിപ്പാലത്തെ ലോഡ്‌ജിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ബുധനാഴ്ചയാണ് പോലീസ് സ്ഥിരീകരിച്ചത്. ശ്വാസംമുട്ടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ.
മലപ്പുറം വെട്ടത്തൂർ തേലക്കാട് പന്താലത്ത് ഹൗസിൽ ഫസീല (35)യെയാണ് ചൊവ്വാഴ്‌ച രാവിലെ ലോഡ്‌ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സനൂഫും ഫസീലയും ഞായറാഴ്ച രാത്രി 11-നാണ് മൂന്ന് ദിവസത്തേക്ക് ലോഡ്‌ജിൽ മുറിയെടുത്തത്. ലോഡ്‌ജ് ജീവനക്കാർ ചൊവ്വാഴ രാവിലെ നോക്കിയപ്പോഴാണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തിങ്കളാഴ്ച സനൂഫ് ലോഡ്‌ജിലുണ്ടായിരുന്നതായി ജീവനക്കാർ പറഞ്ഞു. പിന്നീട് പണം എടുക്കാനെന്നുപറഞ്ഞ് ഇയാൾ ലോഡ്‌ജിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
സനൂഫ് ലോഡ്‌ജിൽ നൽകിയ ഫോൺനമ്പറിൽ ബന്ധപ്പെട്ടെങ്കിലും അത് വ്യാജമാണെന്ന് കണ്ടെത്തി. സനൂഫ് ഉപയോഗിച്ചിരുന്ന കാർ പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ചക്കാന്തറയിലെ സ്‌കൂളിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ ചൊവ്വാഴ്ച രാത്രി കണ്ടെത്തിയിരുന്നു. ഈ കാർ മറ്റൊരു വ്യക്തിയുടേതാണ്.
സനൂഫിന്റെ പേരിൽ ഫസീല നേരത്തേ പീഡനക്കേസ് കൊടുത്തിരുന്നു. ഇതിൻ്റെ വൈരാഗ്യമാകാം കൊലപാതകത്തിന് കാരണമെന്നാണ് സംശയം. രണ്ടുതവണ വിവാഹമോചിതയായ വ്യക്തിയാണ് ഫസീല. വിവാഹമോചനക്കേസ് നടക്കുന്നതിനിടയിലാണ് സനൂഫിനെ പരിചയപ്പെടുന്നത്. സനൂഫ് ലോഡ്‌ജിൽ നൽകിയ മേൽവിലാസവും ഫോൺ നമ്പറും വ്യാജമാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.