കോഴിക്കോട്∙ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ ഒളിവിലായിരുന്ന രണ്ട് പ്രതികളെ കൂടി പൊലീസ് പിടികൂടി. കോഴിക്കോട് നിന്നാണ് കേസിലെ പ്രതികളായ പനമരം കുന്നുമ്മൽ വീട്ടിൽ കെ.വിഷ്ണു (31), പനമരം താഴെ പുനത്തിൽ വീട്ടിൽ നബീൽ കമർ (25) എന്നിവരെ എസ്എംഎസ് ഡിവൈഎസ്പി എം.കെ.സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ഇവർക്കെതിരെ പട്ടികജാതി അതിക്രമ നിരോധന നിയമ പ്രകാരം കേസ് ചുമത്തും. വധശ്രമക്കുറ്റവും ചുമത്തും.
കേസിൽ ഹർഷിദ്, അഭിരാം എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ 4 പേരുൾപ്പെട്ട അക്രമിസംഘത്തിലെ എല്ലാവരും പിടിയിലായി.
ചെക്ക് ഡാം കാണാൻ എത്തിയ യുവാക്കൾ കൂടൽ കടവിൽ വച്ച് മറ്റൊരു കാറിലെ യാത്രക്കാരുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ഇതിൽ ഇടപെട്ട നാട്ടുകാർക്ക് നേരെയായി പിന്നിട് അതിക്രമം. പ്രദേശവാസിയായ ഒരു അധ്യാപകനെ കല്ലുകൊണ്ട് ആക്രമിക്കാൻ തുടങ്ങിയപ്പോൾ ആദിവാസി യുവാവായ മാതൻ തടഞ്ഞു. പിന്നീട് കാറിൽ വിരൽ കുടുങ്ങിയ മാതനെ കൈ വാഹനത്തോട് ചേർത്തു പിടിച്ച് അരക്കിലോമീറ്ററോളം ടാറിട്ട റോഡിലൂടെ യുവാക്കൾ വലിച്ചിഴക്കുകയായിരുന്നു.
പിന്നാലെ വന്ന കാർ യാത്രക്കാർ ബഹളം വച്ചതോടെയാണ് മാതനെ വഴിയിൽ തള്ളിയത്. കർണാടകയിലേക്ക് കടന്ന ഹർഷിദും അഭിരാമും ബസില്‍ വയനാട്ടിലേക്ക് തിരിച്ചു വരുമ്പോഴാണ് പൊലീസ് പിടികൂടിയത്.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.