മെക് 7 വ്യായാമത്തിന്റെ മറവില്‍ താത്പര്യങ്ങള്‍ ഒളിച്ചുകടത്തുന്നു എന്ന വിമര്‍ശനത്തെ തുടര്‍ന്നാണ് പ്രഭാത വ്യായാമ കൂട്ടായ്മ ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമി, നിരോധിത പോപ്പുലര്‍ ഫ്രണ്ട് സംഘടനകള്‍ ഈ കൂട്ടായ്മകളില്‍ നുഴഞ്ഞുകയറി തങ്ങളുടെ ആശയം പ്രചരിപ്പിക്കുന്നുവെന്നതാണ് പ്രധാന വിമര്‍ശനം. പാര്‍ട്ടികളും മതസംഘടനകളും ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.
എന്താണ് മെക് 7?
മള്‍ട്ടി എക്‌സര്‍സൈസ് കോമ്പിനേഷന്‍ 7 എന്നതാണ് മെക് 7ന്റെ പൂര്‍ണരൂപം. ഏഴ് പ്രധാന വ്യായാമ മുറകളുടെ സംയുക്തമാണിത്. ക്യാപ്റ്റന്‍ സലാഹുദ്ദീന്‍ എന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ് മെക് 7 ഉപജ്ഞാതാവ്. പ്രാദേശികമായി അദ്ദേഹം തുടങ്ങിയ വ്യായാമ പരിശീലനം, കൊവിഡാനന്തരം മറ്റിടങ്ങളിലേക്ക് കൂടി വ്യാപിക്കുകയായിരുന്നു
ക്യാപ്റ്റന്‍ സലാഹുദ്ദീന്‍ തന്റെ നാട്ടുകാര്‍ക്ക് ദീര്‍ഘകാലം വ്യായാമ പരിശീലനം നടത്തിയ ശേഷമാണ് സദുദ്ദേശ്യത്തോടെ, മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. അങ്ങനെ ഓരോ പ്രദേശത്തും ഇതിന്റെ ബ്രാഞ്ചുകളുണ്ടാകുകയും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ അടക്കം വിശേഷിച്ചും മലബാറിന്റെ പല ഭാഗങ്ങളിലും അതിവേഗം മെക് 7 പ്രഭാത വ്യായാമ കൂട്ടായ്മ വ്യാപിക്കുകയും ചെയ്തു.
21 മിനുറ്റ് കൊണ്ട് ചെയ്തുതീര്‍ക്കാവുന്ന ഏറെ ഉപകാരപ്പെടുന്ന 21 ഇനം വ്യായാമമുറകളാണ് മെക് 7-ല്‍ പരിശീലിപ്പിക്കുന്നത്. വയോധികരും സ്ത്രീകളും യുവാക്കളും അടക്കം ആബാലവൃദ്ധം ജനങ്ങളും ഇതില്‍ പങ്കെടുക്കുന്നു. സൗജന്യമായാണ് പരിശീലനം. വാട്ട്‌സാപ്പ് കൂട്ടായ്മകള്‍ മുഖേനയാണ് പ്രവര്‍ത്തനം. പ്രത്യേകം യൂണിഫോമുമുണ്ട്. യൂണിഫോമിന് 300 രൂപ നല്‍കണം. ഇതല്ലാതെ ചെലവുകളൊന്നുമില്ല.
നുഴഞ്ഞുകയറ്റ പഴുത്
ഒരിടത്ത് പരിശീലനത്തിനെത്തിയയാള്‍ അഭ്യാസമുറകള്‍ പഠിച്ചെടുത്ത് അത് സ്വന്തം നാട്ടില്‍ പ്രയോഗിക്കുന്ന രീതിയിലാണ് ഇതിന്റെ സംവിധാനം. ഈയൊരു സംവിധാനത്തെയാണ് നിക്ഷിപ്ത താത്പര്യക്കാര്‍ മുതലെടുക്കുന്നതായി സംശയവും വിമര്‍ശനവും ഉയര്‍ന്നത്. കൂട്ടായ്മകളിലെ ചില പ്രസംഗങ്ങളുടെ ക്ലിപ്പുകളും ഈ സംശയത്തെ ബലപ്പെടുത്തുന്നുണ്ട്
ചിലയിടങ്ങളില്‍ ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് ഈ വേദിയെ മുതലെടുക്കുന്നതായി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തങ്ങളുടെ അന്വേഷണത്തില്‍ അങ്ങനെ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞിരുന്നു. ജമാഅത്തെ ഇസ്ലാമിയാണ് ഇതിന് പിന്നിലെന്ന് സമസ്ത എപി വിഭാഗവും നിലപാട് വ്യക്തമാക്കിയിരുന്നു. സമസ്ത സെക്രട്ടറി പേരോട് അബ്ദുള്‍റഹ്മാന്‍ സഖാഫിയാണ് ഇങ്ങനെ പറഞ്ഞത്.
ചുരുക്കത്തില്‍, മെക് 7ന്റെ മേലുള്ള സംശയങ്ങള്‍ നീക്കേണ്ടത് അതിന്റെ സംഘാടകര്‍ തന്നെയാണ്. പൂര്‍ണമായും സ്വാംശീകരിക്കുന്നതിന് പകരം വിമര്‍ശനബുദ്ധ്യാ സമീപിക്കുന്നതായിരിക്കും ഉചിതമെന്നും പലരും ചൂണ്ടിക്കാട്ടുന്നു.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.