Ticker

6/recent/ticker-posts

ഓട്ടോ ഡ്രൈവറെ യാത്രക്കാരൻ മർദിച്ചതായി പരാതി


തിരുവമ്പാടി : ഓട്ടോ ഡ്രൈവറെ യാത്രക്കാരൻ വണ്ടിയിൽനിന്ന്‌ വലിച്ചിഴച്ച് മർദിച്ചതായി പരാതി. തിരുവമ്പാടിയിലെ ഓട്ടോഡ്രൈവർ പാമ്പിഴഞ്ഞപ്പാറ ചെനമ്പക്കുഴിയിൽ ഷാഹുൽ ഹമീദിനെ(60) സാരമായ പരിക്കുകളോടെ ഓമശ്ശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി പത്തുമണിയോടെ കൂടരഞ്ഞി കരിങ്കുറ്റിയിലാണ് സംഭവം.

തിരുവമ്പാടിയിൽനിന്ന്‌ കൂടരഞ്ഞിയിലേക്ക് ഓട്ടം വിളിച്ച അൻപത് വയസ്സ്‌ തോന്നിക്കുന്ന അജ്ഞാതനാണ് മർദിച്ചത്. വണ്ടി കൂടരഞ്ഞിയിൽ എത്തിയപ്പോൾ ഇയാൾ ഉറങ്ങിപ്പോയിരുന്നു. ഉണർത്തി കൂലി ചോദിച്ചപ്പോൾ നൽകിയില്ല. ഇതുമായി ബന്ധപ്പെട്ട്‌ ചെറിയ വാക്കേറ്റമുണ്ടായി. തിരുവമ്പാടിയിലേക്ക് തന്നെ തിരികെപ്പോകാൻ ആവശ്യപ്പെട്ടു. തിരിച്ചുപോകുന്ന വഴിയാണ് പ്രകോപനമില്ലാതെ പൊടുന്നനെ വണ്ടിയിൽനിന്ന്‌ വലിച്ചിറക്കി ആക്രമിച്ചതെന്ന് ഹമീദ് പറഞ്ഞു.

വലതുകൈയുടെ കുഴയുടെ എല്ലുപൊട്ടിയിട്ടുണ്ട്. ശരീരത്തിന്റെ പലഭാഗത്തും തൊലിയുരഞ്ഞു രക്തംപൊടിഞ്ഞു. തിരുവമ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി. നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു.

പ്രതിയെ ഉടൻ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് തിരുവമ്പാടിയിൽ സംയുക്ത ഓട്ടോത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി. ടി.കെ. ശിവൻ, മുനീർ കാരാടി, സൈതലവി, കെ.വി. ഷിജു, വേണുഗോപാൽ കുര്യാപ്പി, മുനീർ കാരാടി, അബ്ദുറഹ്മാൻ ആക്കപറമ്പൻ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments