Ticker

6/recent/ticker-posts

റീൽസ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് മരിച്ച കേസിൽ പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ നീക്കം


കോഴിക്കോട് : വെള്ളയിൽ പ്രമോഷൻ റീൽസ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഇരുപതുകാരൻ മരിച്ച കേസിൽ പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ കാർ ഡീറ്റെയിലിങ് സ്ഥാപന ഉടമകൾ നടത്തിയത് ആസൂത്രിത നീക്കം. യുവഛായാഗ്രാഹകനും പ്രൊമോഷനൽ വീഡിയോ നിർമ്മാതാവുമായ വടകര കടമേരി സ്വദേശി ആൽവിന്റെ മരണം സ്ഥിരീകരിച്ചതോടെ അപകടമുണ്ടാക്കിയ കാറിന്റെ വിവരം മറച്ചുവെക്കാനുള്ള നീക്കമാണ് നടന്നത്.

പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ കേരള രജിസ്ട്രേഷനുള്ള ആഡംബരകാറിന്റെ നമ്പറാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, ഈ വാഹനത്തിനൊപ്പമുണ്ടായിരുന്ന തെലങ്കാന രജിസ്ട്രേഷൻ കാറാണ് അപകടമുണ്ടാക്കിയതെന്ന് വൈകീട്ടോടെ പോലീസിന് സംശയമുണ്ടായി.

തുടർന്ന് കോഴിക്കോട് ആർ.ടി.ഒ. പി.എ. നസീറും എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. സി.എസ്. സന്തോഷ് കുമാറും സ്റ്റേഷനിലെത്തി ചിത്രീകരണത്തിൽ ഏർപ്പെട്ട രണ്ട് കാറുകളും പരിശോധിച്ചു. ഇതിൽ തെലങ്കാന രജിസ്ട്രേഷൻ കാറിന്റെ മുൻവശത്തെ ക്രാഷ്ഗാർഡിലും ബോണറ്റിലും അപകടമുണ്ടാക്കിയതിന്റെ തെളിവുകൾ കണ്ടെത്തി.

ഇതിനിടെ വെള്ളയിൽ പോലീസ് സ്റ്റേഷന്റെ വടക്കുഭാഗത്തുള്ള ചെരുപ്പ് മൊത്തവിൽപ്പന കേന്ദ്രത്തിലെ സി.സി.ടി.വി.യിൽ നിന്ന് തെലങ്കാന രജിസ്ട്രേഷൻ കാർ ആൽവിനെ ഇടിച്ചു തെറിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. തുടർന്നാണ് ഡ്രൈവറെ അറസ്റ്റു ചെയ്യാനുള്ള നടപടികളിലേക്ക് വെള്ളയിൽ ഇൻസ്പെക്ടർ ബൈജു കെ. ജോസും എസ്.ഐ. ഷിനോബും നീങ്ങിയത്.

എഫ്.ഐ.ആറിലുള്ള കാറിന്റെ വിവരം മാറ്റി മറ്റൊരു കാറാണ് അപകടമുണ്ടാക്കിയതെന്ന് അന്വേഷണത്തിൽ വ്യക്തമായെന്നുള്ള അനക്സ് റിപ്പോർട്ട് ഫയൽചെയ്യുമെന്ന് അസി. കമ്മിഷണർ ടി. കെ. അഷ്‌റഫ് പറഞ്ഞു.

Post a Comment

0 Comments