Ticker

6/recent/ticker-posts

കൂടരഞ്ഞിയിൽ പ്രസിഡന്റ്-ഉദ്യോഗസ്ഥ പോര് പ്രസിഡന്റിനെ അറിയിച്ചില്ലെന്ന്, കർഷക ഗ്രാമസഭ മാറ്റിവെച്ചു


കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ പൂവാറൻതോടിൽ തിങ്കളാഴ്ച നടത്താനിരുന്ന കർഷക ഗ്രാമസഭയും ജൈവകൃഷി ഉത്പന്നങ്ങൾക്കുള്ള സർട്ടിഫിക്കേഷൻ ക്ലാസും മാറ്റിവെച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെ അറിയിക്കാത്തതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്നാണിത്. പുതുക്കിയ തീയതിയും സ്ഥലവും പഞ്ചായത്തിൽ നിന്നുള്ള തീരുമാനം ലഭിക്കുന്നമുറയ്ക്ക് പിന്നീടറിയിക്കുമെന്ന് കൂടരഞ്ഞി കൃഷിഓഫീസർ കെ.എ. ഷബീർ അഹമ്മദ് അറിയിച്ചു.

കാർഷികവികസന- കർഷകക്ഷേമ വകുപ്പിന്റെ ജൈവകൃഷിവ്യാപന പദ്ധതിപ്രകാരം ജൈവ ഉത്പന്നങ്ങൾക്ക് ജൈവസർട്ടിഫിക്കേഷൻക്ലാസും പരിശീലനപരിപാടിയും വാർഡ്തല കർഷകസഭയുമായിരുന്നു തിങ്കളാഴ്ച രാവിലെ 10.30 മുതൽ പൂവാറൻതോട് കാടോത്തിക്കുന്ന് വനസംരക്ഷണസമിതി ഓഫീസിൽ നടത്താൻ നിശ്ചയിച്ചിരുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞ വെള്ളിയാഴ്ച കൃഷിഓഫീസർ മാധ്യമങ്ങൾക്ക് വാർത്ത നൽകുകയുണ്ടായി. മാധ്യമങ്ങളിൽ വാർത്തകണ്ടപ്പോഴാഴാണ് വിവരമറിയുന്നതെന്നും കൃഷിവകുപ്പ് അധികൃതർ തന്നെ അറിയിച്ചില്ലെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് പറഞ്ഞു. അതേസമയം, പ്രസിഡന്റിനെ ഫോണിൽ ഒട്ടേറെത്തവണ വിളിച്ചെങ്കിലും കിട്ടിയില്ലെന്നാണ് കൃഷിഓഫീസർ പറയുന്നത്.

വാർഡ് മെമ്പർ എൽസമ്മ ജോർജിനെ വിവരമറിയിക്കുകയുണ്ടായി. പഞ്ചായത്ത് പ്രസിഡന്റ്, എ.ഡി.സി. മെമ്പർമാർ എന്നിവരറിയാതെ ഒരുപരിപാടിയും പഞ്ചായത്തിൽ നടത്തേണ്ടെന്നും പരിപാടി മാറ്റിവെക്കണമെന്നും ഞായറാഴ്ച പ്രസിഡന്റ് വിളിച്ച് ആവശ്യപ്പെട്ടതായി കൃഷിഓഫീസർ പ്രതികരിച്ചു.

നിർവഹണ ഉദ്യോഗസ്ഥൻ എന്നനിലയിൽ കൃഷിഓഫീസറും പഞ്ചായത്ത് പ്രസിഡന്റും ചർച്ചചെയ്താണ് സാധാരണ ഇത്തരം പരിപാടികൾ സംഘടിപ്പിക്കാറുള്ളത്. പുതിയ കൃഷിഓഫീസർ ചുമതലയേറ്റതുമുതൽ ഒരുവർഷമായി തുടരുന്ന അസ്വാരസ്യമാണ് വിവാദത്തിനുപിന്നിൽ. പ്രസിഡന്റ് അധികാരദുർവിനിയോഗം നടത്തുന്നതായി ആരോപിച്ച് നേരത്തേ ബി.ജെ.പി. രംഗത്തെത്തിയിരുന്നു.

ഔദ്യോഗികകൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയ കുടുംബാരോഗ്യകേന്ദ്രം മുൻ മെഡിക്കൽ ഓഫീസർക്കെതിരേ നേരത്തേ പ്രസിഡന്റ് വകുപ്പുമന്ത്രിയുൾപ്പെടെയുള്ളവർക്ക് പരാതിനൽകിയിരുന്നു.

Post a Comment

0 Comments