Ticker

6/recent/ticker-posts

ഫാ.എഫ്രേം പൊട്ടനാനിയ്ക്കൽ അന്തരിച്ചു


താമരശ്ശേരി : താമരശ്ശേരി രൂപതാംഗം ഫാ. എഫ്രേം പൊട്ടനാനിയ്ക്കൽ (84) അന്തരിച്ചു. ഈരുട്, വിയാനി വൈദിക മന്ദിരത്തിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.

1940 ഫെബ്രുവരി 25ന് കോട്ടയം ജില്ലയിലെ ആനിക്കാട്, പൊട്ടനാനിയ്ക്കൽ തോമസ്-ഏലിക്കുട്ടി ദമ്പതികളുടെ പത്ത് മക്കളിൽ ഒമ്പതാമനായി ജനിച്ചു. പിന്നീട് മലബാറിലെ കൂടത്തായിലേക്ക് കുടിയേറിയ അച്ചന്റെ പ്രാഥമിക വിദ്യാഭ്യാസം കൂടത്തായി, കോടഞ്ചേരി സ്കൂളുകളിൽ പൂർത്തിയാക്കി. ഹൈസ്ക്കൂൾ വിദ്യാഭ്യാസം തൃശ്ശൂർ എൽത്തുരുത്ത് സെന്റ് അലോഷ്യസ് സ്കൂളിൽ പൂർത്തിയാക്കിയ ശേഷം തലശ്ശേരി രൂപതയുടെ കുന്നോത്ത് മൈനർ സെമിനാരിയിൽ സെമിനാരി പഠനം ആരംഭിച്ചു. തുടർന്ന് ഫിലോസഫി, തിയോളജി പഠനങ്ങൾക്കായി ആലുവ, കാർമ്മൽഗിരി സെന്റ് ജോസഫ്സ് പൊന്റിഫിക്കൽ മേജർ സെമിനാരിയിലേക്ക് അയക്കപ്പെട്ടു.

വൈദിക പരിശീലനത്തിനൊടുവിൽ തലശ്ശേരി സെമിനാരി ചാപ്പലിൽ വെച്ച് 1967 ഡിസംബർ 17ന്, അവിഭക്ത തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയിൽ നിന്ന് വൈദികപട്ടം സ്വീകരിക്കുകയും 1967 ഡിസംബർ 18ന് വേനപ്പാറ പള്ളിയിൽ വെച്ച് പ്രഥമ ദിവ്യബലിയർപ്പിക്കുകയും ചെയ്തു.

1968ൽ സുൽത്താൻ ബത്തേരി ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി അജപാലന ശുശ്രൂഷ ആരംഭിച്ച എഫ്രേം അച്ചൻ റിപ്പൺ, അമ്പലവയൽ, വാകേരി, വാളവയൽ, വടക്കനാട് കുരിശുപള്ളികളുടെ ഉത്തരവാദിത്വവും നിർവ്വഹിച്ചിരുന്നു. 1969 മുതൽ 1973 വരെയുള്ള കാലഘട്ടത്തിൽ പൂതംപാറ ഇടവകയിൽ വികാരിയായി സേവനം ചെയ്തു. ഇതേ സമയം തന്നെ കരിങ്ങാട് സ്റ്റേഷൻ പള്ളിയുടെ ചുമതലയും നിർവഹിച്ചിരുന്നു. തുടർന്ന് 1973 മുതൽ 1977 വരെ തലശ്ശേരി രൂപതയിലെ മാഞ്ഞോട് ഇടവകയിൽ വികാരിയായി. 1977ൽ ചന്ദനക്കാംപാറ ഇടവകയിൽ വികാരിയും ആഡ്യംപാറ, കാഞ്ഞിരക്കൊല്ലി സ്റ്റേഷനുകളുടെ ഇൻചാർജ്ജും ആയിരുന്നു. തുടർന്ന് 1981ൽ പാണത്തൂർ ഇടവകയിലും 1984ൽ മഞ്ഞുവയൽ ഇടവകയിലും 1988ൽ തിരൂർ ഇടവകയിലും വികാരിയായി. 

തിരുർ ഇടവകയിൽ സേവനം ചെയ്യുമ്പോൾ കുറ്റിപ്പുറം, പരപ്പനങ്ങാടി എന്നീ സ്റ്റഷൻ പള്ളികളുടെ ചുമതലയും വഹിച്ചിരുന്നു. തുടർന്ന് 1993ൽ കുളത്തുവയൽ, 1996ൽ കരുവാരക്കുണ്ട്, 2000ൽ അശോകപുരം, 2004ൽ പാറോപ്പടി, 2007ൽ പുല്ലൂരാംപാറ, 2012ൽ മലപ്പുറം, 2014ൽ കണ്ണോത്ത് എന്നീ ഇടവകകളിൽ വികാരിയായി സേവനം ചെയ്തിരുന്നു. കമ്മ്യൂണിക്കേഷൻ മീഡിയ, ബൈബിൾ അപ്പസ്തലേറ്റ്, ജീവൻ ടി.വി. കോർഡിനേറ്റർ എന്നീ നിലകളിലും അച്ചൻ സേവനം ചെയ്തിരുന്നു. 2000ൽ നവീകരണ പ്രസ്ഥാനത്തിന്റെ ഡയറ്കടറായി നിയമിതനായ എഫ്രേം അച്ചൻ, കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിനായി പിന്നീടുള്ള ജീവിതം ഉഴിഞ്ഞുവെച്ചു. 

താമരശ്ശേരി രൂപതയിലും കത്തോലിക്കാ സഭയിലും നവീകരണ മുന്നേറ്റത്തിൽ ബഹു. പൊട്ടനാനിക്കൽ അച്ചന്റെ നാമം വിസ്മരിക്കാനാവുന്നതല്ല. 2018ൽ കണ്ണോത്ത് ഇടവകയിൽ നിന്നും ഔദ്യോഗിക അജപാലന ജീവിതത്തിൽ നിന്ന് വിരമിച്ച് ഈരുട് വിയാനി വൈദിക മന്ദിരത്തിലേക്ക് വിശ്രമജീവിതത്തിനായി സ്ഥലം മാറി. വിശ്രമജീവിതം നയിക്കുമ്പോഴും കുളത്തുവയൽ നിർമ്മല റിട്രീറ്റ് സെന്ററിൽ (ചഞഇ) ആദ്ധ്യാത്മിക പിതാവായി സേവനം ചെയ്തിട്ടുണ്ട്.

പരേതരായ എബ്രഹാം (കൂടത്തായി), ചാക്കോ (ചുങ്കക്കുന്ന്), ജോസഫ് (ചുങ്കക്കുന്ന്), മാത്യു (കൂടത്തായി), ഏലിക്കുട്ടി (കൂടത്തായി), മേരി തുരുത്തിയിൽ (കൂടത്തായി), സി. ഡിയോഡോറ്റ MC, സി. ഫിലോമിൻ SH, ആന്റണി എന്നിവർ സഹോദരങ്ങളാണ്.

 എഫ്രേം പൊട്ടനാനിക്കൽ അച്ചന്റെ ഭൗതികദേഹം അന്തിമോപചാരങ്ങൾക്കായി ഇന്ന് (18.12.2024) രാവിലെ 09.00 മണി മുതൽ ഈരൂട് സെന്റ് ജോസഫ്സ് പള്ളിയിൽ പൊതുദർശനത്തിന് വെക്കുന്നതും മൃതസംസ്കാര ശുശ്രൂഷകൾ വൈകുന്നേരം 04.00 മണിക്ക്, താമരശ്ശേരി രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ ഈരൂട് സെന്റ് ജോസഫ്സ് പള്ളിയിൽ നടത്തുന്നതുമാണ്.

ആദ്ധ്യാത്മിക ജീവിതത്തിൽ അടിയുറച്ച് ജീവിച്ചിരുന്ന എഫ്രേം പൊട്ടനാനിക്കൽ അച്ചൻ, താൻ ആയിരുന്ന ഇടവകകളിലും സ്ഥാനങ്ങളിലും തന്റെ ശക്തമായ നേതൃത്വവും കഠിനാദ്ധ്വാനവും ആധ്യാത്മികതയും കൊണ്ട് ജനത്തെ മുന്നോട്ട് നയിച്ച അജപാലകനായിരുന്നു. തന്റെ പിതാവിന്റെ സന്നിധിയിലേക്ക് യാത്രയായ ബഹു. പൊട്ടനാനിക്കലച്ചന് താമരശ്ശേരി രൂപതയുടെ അശ്രുപൂജ.

Post a Comment

0 Comments