Ticker

6/recent/ticker-posts

ചേപ്പിലംകോട് കുടിവെള്ളപദ്ധതി കാര്യക്ഷമമാക്കണമെന്നാവശ്യമുയരുന്നു


തിരുവമ്പാടി : വർഷകാലത്ത് ഇരുവഴിഞ്ഞിപ്പുഴ കരകവിഞ്ഞൊഴുകുന്നതോടെ പമ്പ് ഹൗസിൽ വെള്ളംകയറി യന്ത്രങ്ങളെല്ലാം തകരാറിലാകുന്നു. ഇതോടെ പമ്പിങ് നിലയ്ക്കുന്നതോടെ കുടിവെള്ളംകിട്ടാതെ പ്രതിസന്ധിയിലാകുന്നത് ആയിരക്കണക്കിന് കുടുംബങ്ങൾ. യന്ത്രങ്ങൾ നന്നാക്കാൻ ചെലവുവരുന്നതാകട്ടെ ലക്ഷങ്ങൾ. പമ്പ് ഹൗസിലെ ജലം ശുദ്ധീകരിക്കുന്നതിനായി ചാക്കുകളിൽ സൂക്ഷിച്ചുവെക്കുന്ന ബ്ലീച്ചിങ് പൗഡർ അപ്രതീക്ഷിതമായെത്തുന്ന വെള്ളക്കയറ്റത്തിൽ നശിക്കുന്നു. സർക്കാരിൽനിന്ന് പകരം ബ്ലീച്ചിങ് പൗഡർ ലഭ്യമാകാൻ കാലതാമസമെടുക്കുന്നു. വെള്ളംകയറി മലിനമായ ജലംതന്നെ പമ്പുചെയ്യേണ്ടിവരുന്നു. വാട്ടർ അതോറിറ്റി കൊടുവള്ളി സെക്‌ഷന്റെ അധീനതയിലുള്ള തിരുവമ്പാടി ചേപ്പിലംകോട് കുടിവെള്ളപദ്ധതിയുടെ ദുരവസ്ഥയാണിത്.

ഇലക്‌ട്രിക്കൽ ഉപകരണങ്ങൾ, സ്റ്റാർട്ടർ, മെയിൻ സ്വിച്ച്, ഇലക്‌ട്രിക്കൽ പാനൽ ബോർഡ് തുടങ്ങിയ ഉപകരണങ്ങളാണ് തകരാറിലാകുന്നത്. കഴിഞ്ഞ ജൂലായിൽ വെള്ളംകയറി സ്റ്റാർട്ടർ ഉൾപ്പെടെയുള്ള ഇലക്‌ട്രിക്കൽ ഉപകരണങ്ങൾ നശിച്ചിരുന്നു. ഇതേത്തുടർന്ന് രണ്ടുമാസത്തോളം ഭാഗികമായാണ് കുടിവെള്ളവിതരണം നടത്തിയിരുന്നത്.

ബദൽ സംവിധാനമുപയോഗപ്പെടുത്തിയാണ് നിലവിൽ പമ്പിങ്. ഫണ്ടിന്റെ അഭാവംകാരണം യന്ത്രത്തകരാർ പരിഹരിക്കാൻ കാലതാമസം നേരിടുകയാണ്. ചേപിലംകോട്, പാണ്ടിക്കോട്ടുമ്മൽകുന്ന്, ആൻസില ഭവൻ കുന്ന് എന്നിവിടങ്ങളിലായി മൂന്ന് ജലസംഭരണികളിലേക്ക് ശുദ്ധജലമെത്തിക്കുന്ന പമ്പ് ഹൗസാണിത്. അങ്ങാടിയിലെ ഹോട്ടലുകളുൾപ്പെടെ ഒട്ടേറെ സ്ഥാപനങ്ങളിൽ കുടിവെള്ളമെത്തുന്നത് ഈ പദ്ധതിവഴിയാണ്. 

പമ്പ് ഹൗസിനോടുചേർന്ന് പഞ്ചായത്ത് പുറംപോക്കിൽപ്പെട്ട ഏക്കറുകണക്കിന് ഭൂമി അനാഥമായിക്കിടക്കുകയാണ്. മെയിൻ റോഡിനരികിൽ ട്രാൻസ്‌ഫോർമറിനോടുചേർന്ന ഭാഗത്ത് വെള്ളംകയറില്ല. ഇവിടെ ചുരുങ്ങിയത് രണ്ടുസെന്റ് സ്ഥലമെങ്കിലും വിട്ടുകിട്ടുന്നപക്ഷം അനുബന്ധ റൂം സ്ഥാപിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നമേയുള്ളൂ. എന്നാൽ മാറിമാറിവന്ന പഞ്ചായത്ത് ഭരണസമിതികളെല്ലാം ഇക്കാര്യത്തിൽ തികഞ്ഞ അനാസ്ഥയാണ് പുലർത്തിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കുടിവെള്ളപദ്ധതി കാര്യക്ഷമമാക്കാൻ അടിയന്തരനടപടി ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തിറങ്ങിയിരിക്കുകയാണ്. ചേപിലംകോട് പമ്പ് ഹൗസ്

Post a Comment

0 Comments