പി.സി. മുക്ക് പി.സി. റഹീമിന്റെ വീട്ടുമുറ്റത്തേക്കും ചെളിവെള്ളം ഒലിച്ചിറങ്ങി. ചൊവ്വാഴ്ച പുലർച്ചെ പെയ്ത മഴയിലാണ് റോഡരികിലെ മണ്ണും ചെളിയും ഒഴുകിയെത്തിയത്. പുനരുദ്ധാരണപ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന ഓമശ്ശേരി-തിരുവമ്പാടി പി.ഡബ്ല്യു.ഡി. റോഡുപണിയുടെ അവശിഷ്ടങ്ങളാണ് ഒലിച്ചിറങ്ങിയത്. ഇവിടെ പുതുതായി റോഡ് ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച റീടാറിങ് പ്രവൃത്തി കഴിഞ്ഞ റോഡാണിത്. റോഡിൽ അലക്ഷ്യമായിട്ട മണ്ണ് പരന്നൊഴുകുകയായിരുന്നു. ഓട്ടോ ഗാരേജിൽ രണ്ടടിയിലേറെ ഉയരത്തിലാണ് ചെളിവെള്ളം അടിഞ്ഞുകൂടിയത്. വർക്ക് ഷോപ്പ് പണികൾക്കായി രണ്ടുജീപ്പും ഒരു പിക്കപ്പ് വാനും നിർത്തിയിട്ടിരുന്നു. രാവിലെയെത്തിയപ്പോൾ വർക്ക് ഷോപ്പ് തുറക്കാൻപറ്റാത്തവിധം ചെളി അടിഞ്ഞുകൂടിക്കിടക്കുകയായിരുന്നുവെന്ന് ഉടമ തൊണ്ടിമ്മൽ സ്വദേശി കെ.പി. വേണു പറഞ്ഞു. ഒട്ടേറെ ഉപകരണങ്ങൾ ചെളിയിലകപ്പെട്ട് കാണാതായിട്ടുണ്ട്. വാഹനങ്ങൾ ചെളിയിൽ കുളിച്ചുകിടക്കുകയായിരുന്നു.
റോഡിന് അഴുക്കുചാലുകളില്ല
മലയോര, കുടിയേറ്റമേഖലയിലേക്കുള്ള ഏറ്റവുംപ്രധാന റോഡാണിത്. ഈ ഭാഗങ്ങളിൽ റോഡിന് അഴുക്കുചാലുകളില്ല.
പുനരുദ്ധാരണപ്രവൃത്തിയിലും ഈ ഭാഗങ്ങളിൽ അഴുക്കുചാൽ ഉൾപ്പെടുത്തിയിട്ടില്ല. ആറുകോടിരൂപ വിനിയോഗിച്ചാണ് റോഡ് പുനരുദ്ധാരണപ്രവൃത്തി നടത്തിയത്. തോട്ടത്തിൻകടവ് പാലത്തിനും യു.സി. മുക്കിനും മധ്യേ കുന്നായിക്കിടക്കുന്ന പ്രദേശമാണ്. മഴക്കാലത്ത് മലവെള്ളപ്പാച്ചിൽ കണക്കെ കുന്നിൻഭാഗത്തുനിന്ന് റോഡിന്റെ ഇരുഭാഗങ്ങളിലേക്കും വെള്ളവും മെറ്റലും ഒലിച്ചിറങ്ങുക പതിവാണ്.
റോഡരികിൽ ഒട്ടേറെ കടകളും വീടുകളുമുണ്ട്. തോട്ടത്തിൻകടവ് പാലത്തിനോട് ചേർന്നുകിടക്കുന്ന പാതിരാമണ്ണ് പി.സി. മുക്ക് ഭാഗത്ത് മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെടാറുണ്ട്.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.