കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോർട്ട്. 2019 ജനുവരി ഒന്നുമുതൽ 2024 ഒക്ടോബർ 31 വരെയുള്ള കാലയളവിലെ ജില്ലാതല ആഭ്യന്തര ഓഡിറ്റ് പരിശോധനയിലാണ് ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് വിശദീകരണംതേടി ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയം മെഡിക്കൽ ഓഫീസർമാരായിരുന്ന ഡോക്ടർമാർക്ക് നോട്ടീസയച്ചു. നവംബർ 12 മുതൽ 16 വരെ നടന്ന പരിശോധനയിൽ സീനിയർ സൂപ്രണ്ട് (ഓഡിറ്റ്) സമർപ്പിച്ച റിപ്പോർട്ടിലാണിത്.
ഒ.പി., ലാബ് എന്നിവയുടെ ദിനംപ്രതിയുള്ള തുക ബാങ്ക് അക്കൗണ്ടിൽ അടയ്ക്കുന്നതിൽ വീഴ്ചവരുത്തിയതായാണ് പ്രധാനമായും കണ്ടെത്തിയത്. 2021 ജൂൺ എട്ടുമുതൽ 2024 സെപ്റ്റംബർ 16 വരെയുള്ള കാലയളവിൽ 1,71,055 രൂപയുടെയും 2021 ജൂലായ് 24 മുതൽ 2024 ഒക്ടോബർ 28 വരെയുള്ള കാലയളവിൽ 1,59,359 രൂപയുടെയും കുറവുണ്ടായതായി കണ്ടെത്തി.
ഒ.പി., ലാബ് എന്നിവയുടെ ദിനംപ്രതിയുള്ള വരവ് ബാങ്ക് അക്കൗണ്ടിൽ അടയ്ക്കാതെയും ഭാഗികമായി അടവാക്കിയും ഉയർന്നതുകകൾ ഓഫീസിൽ സൂക്ഷിച്ചു. ദിനംപ്രതിയുള്ള വരവുതുക കാഷ് ബുക്കിൽ അതത് ദിവസങ്ങളിൽ എല്ലായ്‌പ്പോഴും കൊണ്ടുവരുന്നില്ലെന്നും കാഷ് ബുക്ക് ഡെയ്‌ലി ബെയ്‌സിസിൽ എഴുതി ക്ലോസ് ചെയ്യുന്നില്ലെന്നും കണ്ടെത്തി. ആശുപത്രിവികസന സമിതി ഫണ്ടിൽനിന്ന് 3,56,939 രൂപ നഷ്ടപ്പെട്ടതായും പരിശോധനയിൽ കണ്ടത്തി. ഇവ നിരീക്ഷിക്കുന്നതിൽ മെഡിക്കൽ ഓഫീസർമാർ വീഴ്ചവരുത്തിയതായാണ് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്. നേരത്തേ ആശുപത്രി പ്രവർത്തനം താളംതെറ്റിയതിനെത്തുടർന്ന് ഗ്രാമപ്പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ പരിശോധന നടന്നിരുന്നു.
അന്നത്തെ മെഡിക്കൽ ഓഫീസർ ഡോ. നസ്രുൽ ഇസ്ലാമിൽനിന്ന് വിശദീകരണംതേടിയെങ്കിലും ലഭ്യമാകാത്തതിനെത്തുടർന്ന് ഡി.എം.ഒ.ക്ക് പരാതിനൽകുകയുണ്ടായെന്നും എന്നാൽ നടപടിയുണ്ടായില്ലെന്നും ഇതേത്തുടർന്ന് മന്ത്രിക്കും വിജിലൻസിനും നൽകിയ പരാതിയിലാണ് ഒടുവിൽ പരിശോധന നടന്നതെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് പറഞ്ഞു.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.