സംസ്ഥാനത്ത് വെെദ്യുതിനിരക്ക് ശരാശരി 16 പൈസ കൂട്ടി. രണ്ടുവർഷത്തിനിടെ മൂന്നാംതവണയാണ് നിരക്കു കൂട്ടുന്നത്. വ്യാഴാഴ്ച മുതൽ നിലവിൽവന്നു. അടുത്തവർഷം 12 പൈസകൂടി കൂടും. കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടതിന്റെ പകുതിയിൽത്താഴെയാണ് റഗുലേറ്ററി കമ്മിഷൻ കൂട്ടാൻ ഉത്തരവിട്ടത്.
ജനുവരിമുതൽ മേയ്‌വരെ അഞ്ചുമാസത്തേക്ക് വേനൽക്കാല നിരക്കായി 10 പൈസ കെ.എസ്.ഇ.ബി. അധികം ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. ചെറുകിട വ്യവസായങ്ങൾക്ക് അഞ്ചുപൈസ വീതം രണ്ടുവർഷവും കൂടും. വൻകിട വ്യവസായങ്ങൾക്ക് ഈ വർഷം 10 പൈസയും അടുത്തവർഷം അഞ്ചുപൈസയും കൂടും.
വീടുകളിൽ വിവിധ സ്ലാബുകളിലെ വർധന 15 പൈസ മുതൽ 25 പൈസവരെയാണ്. വീടുകളിൽ വൈദ്യുതി ഉപയോഗിച്ചാലും ഇല്ലെങ്കിലും നൽകേണ്ട ഫിക്‌സഡ് ചാർജ് രണ്ടുവർഷത്തേക്കും അഞ്ചുമുതൽ 30 രൂപവരെ കൂട്ടി. ഇത് ചെറുകിട വാണിജ്യ സ്ഥാപനങ്ങൾക്ക് കൂടില്ല. പെട്ടിക്കടകൾക്ക് അഞ്ചുപൈസ കൂടും.
ഈവർഷത്തെ നിരക്കുകൾ 2025 മാർച്ച് 31 വരെയാണ് ബാധകം. അടുത്തവർഷത്തെ നിരക്കുകൾ 2027 മാർച്ച് 31 വരെ തുടരും. ഇതോടൊപ്പം കാലാകാലമുള്ള സർച്ചാർജും നൽകേണ്ടിവരും. ഡിസംബറിൽ ഇത് യൂണിറ്റിന് 15 പൈസയാണ്. മീറ്റർ വാടക കൂട്ടില്ല. ഒരു മാസം 40 യൂണിറ്റുവരെ ഉപയോഗിക്കുന്ന ബി.പി.എൽ. വിഭാഗങ്ങളിലെ വീടുകളിൽ നിരക്ക് കൂടില്ല. കാര്യക്ഷമത കൂട്ടിയും ചെലവുചുരുക്കിയും കുറഞ്ഞനിരക്കിൽ വൈദ്യുതിവാങ്ങിയും നഷ്ടം പരമാവധി കുറയ്ക്കാൻ ബോർഡിനോട് കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.